May 19, 2011

സലീംകുമാറിനും ആദാമിന്റെ മകന്‍ അബുവിനും ദേശീയ ചലച്ചിത്ര പുരസ്‌കാരം

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ ശ്രദ്ധേയനായ നടന്‍ സലീംകുമാറിനും തമിഴ് നടന്‍ ധനുഷിനുമാണ് മികച്ച നടനുള്ള പുരസ്‌കാരം.

തമിഴ് ചിത്രമായ ആടുംകളം സംവിധാനം ചെയ്ത വെട്രിമാരനാണ് മികച്ച സംവിധായകന്‍. മികച്ച നടിമാരായി മറാഠി നടി മഥാലിയും തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍കാല നടി ശരണ്യ പൊന്‍വര്‍ണനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി തിരഞ്ഞെടുക്കപ്പെട്ടു.

സഹനടിയായി മലയാളത്തില്‍ നിന്ന് സുകുമാരി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ദേശീയോഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം ഗൗതം ഘോഷ് സംവിധാനം ചെയ്ത മാനേര്‍ മാനുഷിനാണ്. മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി മറാഠി ചിത്രമായ ചാമ്പ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിസ്ഥിതി പ്രധാന്യമുള്ള ചിത്രമായി പെട്ട ജീവ എന്ന കന്നഡ ചിത്രവും കുട്ടികളുടെ ചിത്രമായി കന്നഡ സിനിമയായ ഗേജഗലുവും തിരഞ്ഞെടുക്കപ്പെട്ടു.

സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ്-ചിത്രം ഇഷ്‌കിയ. ഐസക് തോമസ് കൊട്ടുകപ്പള്ളി ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തസംഗീതത്തിന് പുരസ്‌കാരം നേടി. ഗാനരചയിതാവിനുള്ള പുരസ്‌കാരം വൈരമുത്തുവിനാണ്. ഛായാഗ്രാഹകനുള്ള പുരസ്‌കാരം മലയാളിയായ മധു അമ്പാട്ട് നേടി. കലാസംവിധാനം മലയാളിയായ സാബു സിറില്‍ യന്തിരന്‍ എന്ന ചിത്രത്തിന് നേടി.

മികച്ച നൃത്തസംവിധാനം-ദിനേശ്കുമാര്‍-ചിത്രം ആടുംകളം. രേഖ ഭരദ്വാജാണ് ഗായിക. പുതുമുഖ സംവിധായകന്‍ രാജേഷ് പിജ്ഞരാനിയാണ്. ശുഭതി സെന്‍ ഗുപ്തയാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം നേടിയത്-ചിത്രം-ചിത്രസൂത്രം. ധബാങ് ആണ് മികച്ച ജനപ്രിയചിത്രം. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും മലയാളിയായ ജോഷി ജോസഫിനാണ്. അന്യഭാഷകളിലെ പ്രകടനങ്ങളിലടക്കം മലയാളികള്‍ പുരസ്‌കാര ജേതാക്കളായത് മലയാളത്തിന് നേട്ടമായി.

മധു അമ്പാട്ട്, ജോഷി ജോസഫ്, സാബു സിറില്‍ എന്നിവര്‍ മലയാളികളാണ്. ജെ.പി ദത്ത ചെയര്‍മായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ഭരത് ബാല, പ്രഹഌദ് കക്കര്‍, നീരദ് മഹാപാത്ര, ജി.എസ്. ഭാസകര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ എ.കെ.ബീര്‍ ജൂറി ചെയര്‍മാനായി. അശോക് വാജ്‌പേയിയാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍.
Related Posts Plugin for WordPress, Blogger...
PrithviRaj Fans Kerala © 2010. Design by :AKPWFA